ഒരു യാത്രയുടെ ഇടവേളയിൽ
കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ഞാൻ അവനെ കാണുന്നത്. തീർത്തും പരിഭ്രമം നിറഞ്ഞ മുഖത്തോടെ, സ്കൂൾ യൂണിഫോമിൽ ഓരു 15 വയസുകാരൻ. ബസ്സിലുള്ള യാത്രക്കാരുടെ രൂക്ഷമായ നോട്ടത്തിനു പിടികൊടുക്കാതെ ഒരു സൈഡ് സീറ്റിൽ തലകുമ്പിട്ടിരുന്നു വിതുമ്പുകയായിരുന്നു അവൻ. കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവന്റെ ഓരോ ചലനങ്ങളും സസൂക്ഷ്‌മം വീക്ഷിക്കുകയായിരുന്നു.
ടിക്കറ്റ്, ടിക്കറ്റ് ....എങ്ങോട്ടാ... എടാ നിന്നോടല്ലേ ചോദിച്ചത് എങ്ങോട്ടാ ടിക്കറ്റ്, പരിഭ്രമം നിറഞ്ഞ മുഖത്തോടെ കണ്ടക്ടറെ തന്നെ നോക്കി നിന്നു അവൻ . എന്താടാ ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്തെങ്കിലും കുഴപ്പം ഒപ്പിച്ചു മുങ്ങിയതാണോ, ആ ചോദ്യത്തിൽ അവൻ കൂടുതൽ പതറുന്നതായി എനിക്ക് തോന്നി.. മാഷെ രണ്ടു കൊച്ചി, എന്റെ അനിയന.. രംഗം കൂടുതൽ വഷളാകുന്നതുനു മുൻപ് ഞാൻ ഇടയിൽ കയറി പറഞ്ഞു... ഓ ... ഒന്നമർത്തി മൂളി രണ്ടു ടിക്കറ്റും തന്നു കണ്ടക്ടർ അടുത്ത ആളിലേക്കു പോയി. വിജനതയിലേക്കു നിസ്സംഗതയോടെ നോക്കിയിരുന്ന അവന്റെ അടുത്ത സീറ്റിൽ ഞാനും ഇരുന്നു.
എങ്ങോട്ടാ പോവുന്നെ, കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ അവനോടു ചോദിച്ചു. എന്റെ ചോദ്യം അവൻ കേട്ടതായി ഭാവിച്ചില്ല. ഇയാളുടെ പേരെന്താ, പിന്നെയും നിശബ്ദത തന്നെയായിരുന്നു അവന്റെ മറുപടി. എന്താ പ്രശ്നം, എന്തിനാ ഒളിച്ചോടുന്നെ, മറുപടിയൊന്നും പറയാതെ എന്റെ തോളിൽ ചാരിക്കിടന്നു ആ പയ്യൻ ഒറ്റക്കരച്ചിൽ... ഞാൻ എന്തോപോലെ ആയി, മറ്റു യാത്രക്കാർ ഞങ്ങളെത്തന്നെ നോക്കുന്നു.. ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ അവന്റെ തോളിൽത്തട്ടി പറഞ്ഞു, സാരമില്ല നമുക്കെല്ലാം ശരിയാക്കാം.
ഫുഡ് കഴിക്കാൻ വണ്ടി തൃശ്ശൂരിൽ നിർത്തിയപ്പോൾ ഞാൻ അവനെയും കൂട്ടി പുറത്തിറങ്ങി... വാ നമുക്കെന്തെങ്കിലും കഴിക്കാം, ഒന്നും മിണ്ടാതെ ബസിന്റെ ഡോറിൽ ചാരി അവൻ നിന്നു. എന്താടോ എന്റെ കൂടെ വരാൻ പേടിയാണോ, എല്ലാരേയും ഉപേക്ഷിച്ചു ഒറ്റക്ക് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയതല്ലേ പിന്നെ എന്തിനാ പേടിക്കുന്നത്...വാടോ... തന്നെ ഞാൻ ഒന്നും ചെയ്യില്ല, താൻ വാ നമുക്കെന്തെങ്കിലും കഴിക്കാം എനിക്ക് നല്ല വിശപ്പ്. എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ കൂടെ വന്നു.
ഫുഡ് ഓർഡർ ചെയ്തു വെയിറ്റ് ചെയ്തിരിക്കുമ്പോൾ പതുക്കെ ഞാൻ അവന്റെ പ്രശനങ്ങളെ കുറിച്ച് ചോദിച്ചു. ബിസ്സിനസ്സുകാരനായ അച്ഛന്റെ ഒരേ ഒരു മകൻ, അത്യാവശ്യം നന്നായി ജീവിക്കാൻ ചുറ്റുപാടുള്ള ഒരു കുടുംബത്തിലെ അംഗം...കക്ഷി പഠിക്കാൻ അത്ര മിടുക്കനൊന്നുമായിരുന്നില്ല... പക്ഷെ വേറെ ഒരുപാട് കാര്യങ്ങളിൽ അവൻ മിടുക്കനായിരുന്നു... കേൾക്കുന്നവർക്കും വായിക്കുന്നവർക്കും കണ്ടും കേട്ടും മടുത്ത ഒരു സ്ഥിരം ക്ളീഷേ ആയിരുന്നു അവന്റെ ജീവിതം.... പക്ഷെ അവനെ സംബന്ധിച്ച് ജീവിതം ഒരു വല്യ ഭാരമായിരുന്നു. ഒരിക്കൽ പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റ അവനെ, അവന്റെ അച്ഛൻ ഒരുപാടു തല്ലി. അവന്റെ എല്ലാമായിരുന്ന ഗിറ്റാർ അയാൾ എറിഞ്ഞു പൊട്ടിച്ചു. അച്ഛന്റെയും അമ്മയുടെയും അന്തസ്സിനൊത്തു ഉയരാൻ പറ്റാത്തതിൽ ഉള്ള കുറ്റപ്പെടുത്തലുകൾ... അങ്ങനെ എല്ലാം കൊണ്ടും അവൻ തീർത്തും നിരാശനായിരുന്നു...ഇത്തവണയും അവൻ പരീക്ഷക്ക് തോറ്റു, തിരികെ വീട്ടിൽ ചെന്നാലുണ്ടാകുന്ന പീഡനങ്ങൾ ഓർത്തപ്പോൾ നാടുവിട്ടു പോവാൻ തീരുമാനിച്ചതാണ് കക്ഷി... അവന്റെ കഥകൾ മുഴുവൻ കേട്ടപ്പോൾ ഒറ്റയ്ക്ക് വിട്ടിട്ടു പോവാൻ മനസ്സനുവദിച്ചില്ല. സ്ത്രീകൾക്ക് മാത്രമല്ല ഈ നാട് കുട്ടികൾക്കും സുരക്ഷിതമല്ല. ആളും തുണയുമില്ലാത്ത ഒരു പതിനഞ്ചു വയസുകാരൻ ഒറ്റയ്ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നാൽ അവൻ നേരിടാൻ പോവുന്ന വല്യ പ്രശ്നങ്ങൾ അറിയാവുന്നത് കൊണ്ട് അവനെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ഞാൻ തീരുമാനിച്ചു.
ഞാൻ നിന്നെ നിന്റെ വീട്ടിൽ എത്തിക്കാം. നിന്റെ അച്ഛനോടും അമ്മയോടും ഞാൻ സംസാരിക്കാം. അവർ ഇനി ഒരിക്കലും നിന്നോട് മോശമായി പെരുമാറില്ല... ഒരുപാട് ബുദ്ധിമുട്ടി ഞാൻ അവനെ കൺവിൻസ് ചെയ്തു... പക്ഷെ അപ്പോളും അവനെ തിരികെ എങ്ങനെ എത്തിക്കും എന്നതായിരുന്നു എന്റെ പ്രശ്നം... അതേ ... നിങ്ങള് വരുന്നില്ലേ, ബസ് പുറപ്പെടാറായി കണ്ടക്ടറുടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്... ഇല്ല ചേട്ടൻ പൊക്കോ, ഞങ്ങൾക്കിവിടെ ഇറങ്ങേണ്ട ഒരു ആവശ്യം ഉണ്ട്... കണ്ടക്ടറും ബസും പുറപ്പെട്ടു കഴിഞ്ഞപ്പോളും ഇവനെ എങ്ങനെ തിരിച്ചെത്തിക്കും എന്നത് മാത്രമായിരുന്നു എന്റെ ചിന്തയിൽ... വക്കീലായ എന്റെ ഫ്രണ്ടിനെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ മുഴുവൻ ഞാൻ അവതരിപ്പിച്ചു...എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു.....
നീ ഒരു കാര്യം ചെയ്യു... തൃശൂർ ടൌൺ സ്റ്റേഷനിലെ സിഐ എനിക്ക് അറിയാവുന്ന ആളാണ് .... നീ ഈ പയ്യനെ അവിടെ കൊണ്ടുചെന്നാക്കു ബാക്കി കാര്യങ്ങൾ അവർ നോക്കിക്കോളും... മാത്രമല്ല ഇത് നീ കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമല്ല... പോലീസ് ആവുമ്പോൾ അവർ അതിന്റെ രീതിയിൽ അത് തീർത്തോളും.... ഞാൻ വിളിച്ചു പറഞ്ഞോളാം... ഒരു വിധത്തിൽ പയ്യനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഞാൻ അവനെയും കൂട്ടി സൗത്ത് സ്റ്റേഷനിലേക്ക് പോയി....
പോലീസിന്റെ സുരക്ഷിതമായ കൈകളിൽ അവനെ ഏല്പിച്ചു, ഇടയ്ക്കു മുടങ്ങിപ്പോയ കൊച്ചി യാത്ര പൂർത്തിയാക്കാനായി ഇറങ്ങി തിരികെ നടന്നപ്പോൾ സ്റ്റേഷന്റെ മൂലയിലുള്ള ബഞ്ചിൽ ഇരിക്കുന്ന അവന്റെ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. കൊച്ചിയിലേക്കുള്ള യാത്രയിലുടനീളം ഞാൻ മനസിൽ ആലോചിച്ചത് എന്റെ അച്ഛനെ കുറിച്ചും, മക്കളെ കുറിച്ചും ആയിരുന്നു. സ്കൂൾ,കോളേജ് പഠനകാലത്തു കളിയാക്കലുകളും, പരാജയങ്ങളും തട്ടി ജീവിതത്തിൽ പലപ്പോളും വീണ് പോയപ്പോളും.... എണീറ്റോടെടാ ഞാൻ നിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞു, വീഴ്ചകളിൽ കൈപിടിച്ചുയർത്തി...എന്നോടൊപ്പം.... കാലിടറി വീഴാതെ എന്നെ ചേർത്ത് പിടിച്ചോടിയ എന്റെ അപ്പൻ.... ജീവിതത്തിൽ ഉണ്ടായ വിജയങ്ങളിലെല്ലാം ആ അപ്പൻറെ കൈത്താങ്ങുണ്ട്.... പക്ഷെ എന്റെ മക്കൾക്ക് അതുപോലൊരു അപ്പൻ ആകാൻ എനിക്ക് കഴിയുന്നില്ല എന്ന കുറ്റബോധം എന്നെ വല്ലാതെ അലട്ടുന്നു...
Comments
Post a Comment